X
    Categories: MoreViews

വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണം: പൊലീസ് വീഴ്ചക്കെതിരെ പ്രതിപക്ഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും

 

തിരുവനന്തപുരം: കൊച്ചിയില്‍ കായലില്‍ ദുരൂഹസാഹചര്യത്തില്‍ സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആവശ്യപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണച്ചുമതല ലോക്കല്‍ പൊലീസില്‍ നിന്നും മാറ്റി ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുമെന്ന് പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയാണ്. ഫോണ്‍കോളുകളും പരിശോധിക്കുന്നുണ്ട്. മിഷേലിന്റെ മാതാപിതാക്കളില്‍ നിന്നും പരാതി സ്വീകരിക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയെന്ന പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കാലതാമസമുണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ പിടിക്കാത്തതുകൊണ്ടല്ല സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നതിന്റെ ഉദാഹരണമാണ് ഇരിട്ടിയില്‍ പുരോഹിതന്‍ അറസ്റ്റിലായത്. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് ലാഘവത്വം ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള കുറ്റവാളികളുടെ ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പ്രതിപക്ഷം ഇറങ്ങിപ്പോകുകയുമായിരുന്നു. മിഷേലിനെ കാണാതായ മാര്‍ച്ച് അഞ്ചാം തിയതി തന്നെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും എസ്.ഐ ഇല്ലെന്നു പറഞ്ഞ് പിറ്റേന്നുവരാന്‍ ആവശ്യപ്പെട്ട് പൊലീസ് മടക്കിയയക്കുകയായിരുന്നെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. സംഭവം ആത്മഹത്യയാക്കി എഴുതിത്തള്ളാനാണ് പൊലീസ് തിടുക്കം കാട്ടിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറ്റുവാങ്ങാന്‍ പോലും പൊലീസ് തയാറായില്ല. മിഷേല്‍ കലൂര്‍ പള്ളിയില്‍ പോകുന്നതിന്റെയും അവിടെ രണ്ടു പേര്‍ പെണ്‍കുട്ടിയെ നിരീക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി ടിവിയില്‍നിന്ന് ലഭിച്ചിരുന്നു. പൊലീസ് ഇതും പരിശോധിച്ചില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ആരെയോ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാക്കളായ കെ.സി ജോസഫ്, ഡോ.എം.കെ മുനീര്‍ എന്നിവരും പൊലീസിന്റെ നിരുത്തരവാദ നിലപാടിനെ അതിനിശിതമായി വിമര്‍ശിച്ചു.

chandrika: