X

സിദ്ധാര്‍ഥന്റെ മരണം; വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഡീബാര്‍ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ പുനരന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കു മറ്റേതെങ്കിലും കോളജില്‍ പ്രവേശനം നേടുന്നതിനുള്ള 3 വര്‍ഷത്തെ വിലക്കും കോടതി നീക്കി. വിദ്യാര്‍ഥികള്‍ക്കു മണ്ണുത്തില്‍ പഠനം തുടരാന്‍ അവസരം നല്‍കണമെന്നും എന്നാല്‍ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

ഹര്‍ജിക്കാര്‍ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരില്‍ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി പറഞ്ഞു.

യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പുതിയ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. വിദ്യാര്‍ഥികളില്‍ ഓരോരുത്തര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ വ്യക്തമാക്കി വേണം നോട്ടീസ് നല്‍കാന്‍. കേസില്‍ പ്രതികളായിരുന്ന 19 വിദ്യാര്‍ഥികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിദ്ധാര്‍ഥനെ തൂങ്ങി മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്‌സിന്റേയും മര്‍ദനവും റാഗിങും മൂലം സിദ്ധാര്‍ഥന്‍ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

webdesk17: