X

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുത്ത നടപടി ഗവര്‍ണര്‍ മരവിപ്പിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. സര്‍വകലാശാല മുന്‍ ഡീന്‍ എം കെ നാരായണന്‍, മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെയായിരുന്നു ഡീനിനെയും മുന്‍ അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടേയും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ഇരുവരേയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്മെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇരുവരേയും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റില്‍ നിയമനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള നടപടി ഗവര്‍ണര്‍ മരവിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതായിരുന്നെന്നും പരാതി ഉയര്‍ന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

webdesk17: