X

സിദ്ധാർഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർക്ക് സംഭവിച്ച വീഴ്ചകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ. സർവകലാശാല അധികൃതരുടെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ സഹായിക്കും. ബിവിഎസ്‌സി രണ്ടാം വർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.

സിദ്ധാർഥിന്‍റെ മരണം തടയുന്നതിൽ സർവകലാശാല അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. കാമ്പസിലെ റാഗിങ്, മറ്റ് അക്രമസംഭവങ്ങൾ എന്നിവ തടയുന്നതിൽ സർവകലാശാല വൈസ് ചാൻസലർ, ഓഫീസർമാർ, അധികൃതർ എന്നിവർ പരാജയപ്പെട്ടെന്ന് ചാൻസലർ കണ്ടെത്തിയെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

webdesk14: