അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. യുവാവിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി.
രക്തം വാര്‍ന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പിള്ളി വഞ്ചി കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ആനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇവര്‍ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു.