പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു എ സജീവന്റെ മരണത്തില്‍ സര്‍വ്വകലാശാല അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. പോത്തന്‍കോടുള്ള അയിരൂപ്പാറ ചാരുംമൂടിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വ്വകലാശാല നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പൊലീസിന് നല്‍കിയ മൊഴി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിൻ്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ സർവ്വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് അമ്മുവിന്‍റെ കുടുംബം. സഹപാഠികളായ വിദ്യാർത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലാം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിൻ്റെ കുടുംബം തള്ളി.
മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ പറയുന്നു. മരണത്തിൽ സഹപാഠികൾക്ക് പങ്കുണ്ടെന്നും അമ്മയുടെ മൊഴി നൽകി.അമ്മുവിന്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ഹോസ്റ്റൽ റൂമിൽ പിന്നീട് നടത്തിയ പരിശോധനയിൽ ” I quit ” എന്ന് എഴുതിയ പേപ്പറും കണ്ടത്തിയിരുന്നു. ഇതിൽ എല്ലാം ദുരൂഹത ആരോപിക്കുകയാണ് ബന്ധുക്കൾ . അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ടെന്നും സഹോദരൻ അഖിൽ പറഞ്ഞിരുന്നു.