X

യു.പിയിലെ തീപിടിത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; യോഗി സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കളാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു.

അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരും ആരോഗ്യ വകുപ്പും എന്ത് നടപടി സ്വീകരിച്ചുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും സംസ്ഥാന പൊലീസും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. വെള്ളിയാഴ്ച (15/11/24) രാത്രി 10.35 ഓടെ നടന്ന തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിക്കുകയും 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

തീപിടുത്തം ഉണ്ടായ സമയത്ത് 47 കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളില്‍ 10 കുട്ടികള്‍ മരിക്കുകയും 37 കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അലോക് സിങ് പറഞ്ഞിരുന്നു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാന്‍സി ഡിവിഷണല്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.

12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു യോഗിയുടെ ഉത്തരവ്. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ രോഗികളെ ഒഴിപ്പിക്കുന്നതിന്റെയും ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അപകടവിവരം പുറത്തറിഞ്ഞത്.

webdesk13: