പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പി പി ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് പരിപാടിയില്‍ എത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷന്‍ വാദം.
വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കടുത്ത വൈരാഗ്യം നവീന്‍ ബാബുവിനോട് പി പി ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയില്‍ വാദിച്ചിരുന്നു.
പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. കളക്ടര്‍ ക്ഷണിച്ചതിനാലാണ് യാത്രയയപ്പ് പരിപാടിയിലേക്ക് താന്‍ എത്തിയതെന്ന് ദിവ്യ വ്യക്തമാക്കിയിരുന്നു.
നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ വേദിയിലെത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം.
അഴിമതിക്കെതിരായ സന്ദേശം നല്‍കാന്‍ ശ്രമിച്ചെന്നായിരുന്നു ദിവ്യയുടെ പ്രധാനവാദം. ആസൂത്രിതമായ വ്യക്തിഹത്യ മരണകാരണമായെന്ന് പ്രോസിക്യൂഷനും വാദിച്ചു. നവീന്‍ ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.