X

നവീന്‍ ബാബുവിന്റെ മരണം; ‘പി.പി. ദിവ്യക്കെതിരെ കേസെടുക്കണം’ – വി.ഡി സതീശന്‍

സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ എ.ഡി.എം നവീന്‍ ബാബുവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ നവീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊലപാതകത്തിന് തുല്യമായ സംഭവമാണ് നടന്നതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ക്ഷണിക്കാത്ത യാത്രയയപ്പ് ചടങ്ങില്‍ വന്ന് സ്ഥലംമാറി പോകുന്ന നവീന്‍ ബാബുവിനെതിരെ അപമാനകരമായ പരാമര്‍ശമാണ് ദിവ്യ നടത്തിയത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നായിരുന്നു പി.പി. ദിവ്യ സംസാരിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ടയില്‍ നവീന്‍ ബാബുവിനെ സ്വീകരിക്കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ ഒടുവില്‍ മരണവാര്‍ത്തയാണ് അറിയുന്നത്. അധികാരം എത്രമാത്രം ദുരുപയോഗപ്പെടുത്താമെന്നും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ആരെയും അപമാനിക്കാമെന്നതും കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഭരണത്തിന്റെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് കണ്ണൂരിലെ നേതാവ് ഉദ്യോഗസ്ഥനോട് ചെയ്തതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

webdesk17: