ബെഗംളൂരു: ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായ അഞ്ച് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. പ്രസവത്തിനോട് അനുബന്ധിച്ച് നല്‍കിയ മരുന്നാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കര്‍ണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
അതേസമയം ആരോഗ്യമേഖലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ താന്‍ രാജിവെക്കണമെങ്കില്‍ അതിന് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബര്‍ 11 നായിരുന്നു അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്.ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതിരുന്നതിനാല്‍ വിജയനാഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. 24 ദിവസം ഇവിടെ ചികിത്സയില്‍ തുടര്‍ന്ന ശേഷമായിരുന്നു മരണം.
കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. റോജമ്മ, നന്ദിനി, മുസ്‌കാന്‍, മഹാലക്ഷ്മി, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്.