അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പിന്തുണച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകരുടെ സംഘടനക്കുള്ളില്‍ ഭിന്നത രൂക്ഷം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോടതി ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം സംഘടന ഉപേക്ഷിച്ചു. അതേസമയം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിചേര്‍ത്തവരുടെ വീടുകളില്‍ നടന്ന റെയ്ഡിന്റെ ശൈലിയെയാണ് എതിര്‍ത്തതെന്നും അനീഷ്യയുടെ കുടുംബത്തോടൊപ്പം തന്നെയാണെന്നുമാണ് അസിസ്റ്റന്റ് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി വ്യക്തമാക്കി.
പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന 2 പ്രോസിക്യൂട്ടര്‍മാരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി. ക്രൈംബ്രാഞ്ച് സംഘം വീടുകളില്‍ പരിശോധനക്ക് എത്തിയതോടെ സംഘടനയുടെ മട്ടുമാറി. റെയ്ഡ് ചെയ്ത രീതി ശരിയായില്ലെന്ന് ഡിജിപിക്ക് പരാതി നല്‍കാനും പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപക അവധിക്കും ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.
ഒരു ഭാഗത്ത് അന്വേഷണത്തെ സ്വാഗതം ചെയ്യുമ്പോള്‍ അന്വേഷണ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് അനീഷ്യയുടെ കുടുംബത്തോട് കാണിക്കുന്ന അനീതിയാണെന്ന് സംഘടനക്ക് അകത്ത് അഭിപ്രായം ഉയര്‍ന്നതോടെ നേതൃത്വം വെട്ടിലായി. ഇതോടെ കോടതി ബഹിഷ്‌കരണ തീരുമാനം പിന്‍വലിച്ചു. ക്രിമിനല്‍ സംഘങ്ങളുടെ വീട്ടില്‍ കയറി പരിശോധന നടത്തിയതുപോലെയുള്ള നടപടിയെ മാത്രമാണ് എതിര്‍ത്തതെന്നാണ് ഭാരവാഹികള്‍ ഇപ്പോള്‍ പറയുന്നത്.