നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്നതിനു വേണ്ടി പ്രത്യേക സംഘം. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഇതിനിടെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെ ജോലിയില്‍ നിന്ന് പിരിച്ചു വിടും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അനുമതി ചോദിക്കേണ്ടതിനെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് പ്രശാന്തന്റെ മൊഴി. പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.