എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ മോചിതയായി. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.
പുറത്തിറങ്ങിയതിന് പിന്നാലെ എഡിഎം നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും പി പി ദിവ്യ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.