X

എഡിഎമ്മിന്റെ മരണം; പി.പി. ദിവ്യ കീഴടങ്ങി

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സി.പി.എം നേതാവും കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ കീഴടങ്ങി. കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് രാവിലെ ദിവ്യയുടെ ജാമ്യഹരജി തള്ളിയിരുന്നു. പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍ കമ്മീഷന്‍ ഓഫിസില്‍ കീഴടങ്ങാന്‍ എത്തുമ്പോള്‍ കണ്ണപുരത്തുവച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ദിവ്യയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.

webdesk17: