എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ സംരക്ഷിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നു സി.പി.എം പറയുകയും എന്നാല്‍ മറുവശത്ത് പ്രതിയായ പി പി ദിവ്യയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു. ഇരയ്ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നെറികെട്ട രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രശാന്തന്റെ കള്ള ഒപ്പിട്ട് നവീന്‍ ബാബുവിനെതിരായ പരാതി കത്ത് തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ എ.കെ.ജി സെന്ററിലാണെന്നും എന്നിട്ടാണ് എം.വി ഗോവിന്ദന്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി അവര്‍ക്കൊപ്പമാണെന്ന് പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഫോണില്‍ വിളിച്ച് നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ലെന്നും ആ കുടുംബത്തിനൊപ്പം അവസാന നിമിഷം വരെ പ്രതിപക്ഷമുണ്ടാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.