നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. യൂത്ത് കോണ്‍ഗ്രസ് പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബുധനാഴ്ച രാവിലെ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ ദിവ്യയുടെ വീടിന് മുന്നിലെത്തിയിരുന്നു. പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകരാണ് ഭൂരിഭാഗവും. ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തുണ്ട്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച പങ്കെടുക്കാന്‍ നിശ്ചയിച്ച പൊതു പരിപാടികളിലും അവര്‍ എത്തിയിരുന്നില്ല.
കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ബാബു (55) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ സംരക്ഷണം.
തിങ്കളാഴ്ച കണ്ണൂര്‍ കളക്ടേററ്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീന്‍ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. പെട്രോള്‍പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കുന്നതില്‍ നവീന്‍ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം.