എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചെന്ന് ജായിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത പറഞ്ഞു. അസമയം മൊഴി നല്‍കാന്‍ പി പി ദിവ്യ സാവകാശം തേടിയെന്നും ഗീത പറഞ്ഞു. പരാതിക്കാരനായ ടി വി പ്രശാന്തന്റെയും മൊഴി രേഖപ്പെടുത്തി.
വിജിലന്‍സും ടി വി പ്രശാന്തന്റെ മൊഴിയെടുത്തു. മുസ്ലീം ലീഗ് നേതാവ് ടിഎന്‍എ ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്ന് എ ഗീത അറിയിച്ചു. അന്വേഷണം ഏറ്റെടുത്ത ജോയിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്.
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍, പിപി ദിവ്യയുടെ പക്കല്‍ തെളിവുണ്ടോ, എന്‍ഒസി നല്‍കാന്‍ വൈകിയോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത്.