എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുബം നല്‍കിയ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയാറെന്ന് സിബിഐ. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.
അതേസമയം കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്നും പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണമെന്നും കോടതി പറഞ്ഞു.
എഡിഎമ്മിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതിയുടെ പ്രതികരണം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.