എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ചത് കൊണ്ട് പി.പി. ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സി.പി.എം അങ്ങനെ കരുതേണ്ടതില്ലെന്നും ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ലൈന്നും കെ. സുധാകരന്‍ പറഞ്ഞു.
നിരപരാധിത്വം തെളിയിക്കുമെന്ന് പി.പി. ദിവ്യ പറഞ്ഞത് അതേ അവരുടെ മാത്രം ആത്മവിശ്വാസമാണെന്നും നീതിക്കായി നവീന്‍ ബാബുവിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
പി.പി. ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍.ഡി.എഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും സുധാകരന്‍ ഓര്‍മ്മപ്പെടുത്തി. പി പി ദിവ്യയെ സംരക്ഷിക്കുന്നത് പൊലീസാണെന്നും ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്‍കിയതും ഇതേ പൊലീസാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം പി പി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
പാലക്കാട് യു.ഡി.എഫിന്റെ മത്സരം എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെയാണെന്നും സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായിട്ടാണ് യു.ഡി.എഫിനെ നേരിടുന്നതെന്നും സുധാകരന്‍ പറഞ്ഞു.