X

മലപ്പുറത്തെ നാലംഗ കുടുംബത്തിന്റെ മരണം: മക്കളുടെ രോഗത്തില്‍ ദമ്പതികള്‍ മനോവിഷമത്തിലായിരുന്നുവെന്ന് സൂചന

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ മക്കളുടെ ജനിതക രോഗത്തെതുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്ന് സൂചന. ഇവരുടെ മൂത്തമകനായ ഹരിഗോവിന്ദിന് ജനിതക രോഗം സ്ഥിരീകരിച്ചിരുന്നു. ഇളയ കുട്ടിയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു ദമ്പതികളെന്നാണ് സൂചന. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് ഇരുവരുടേയും മക്കളുടേയും മരണവാര്‍ത്ത എത്തുന്നത്.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ് (6) ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പിലെ വാടകവീട്ടില്‍ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്. എസ്.ബി.ഐ ബ്രാഞ്ച് മാനേജറാണ് ഷീന.

ഷീനയെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന മുണ്ടുപറമ്പ് മൈത്രീ നഗറിലെ വാടക വീട്ടിലെത്തിയ പൊലീസാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സബീഷും ,ഷീനയും രണ്ട് മുറികളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവര്‍ധന്‍. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലുമാണ് ?കണ്ടെത്തിയത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലീസ് അറിയിച്ചു.

webdesk14: