X
    Categories: indiaNews

ഉസ്ബെക്കിസ്താനിലെ 18 കുട്ടികളുടെ മരണം: മരുന്ന് ഉല്‍പാദനം നിര്‍ത്തി വെക്കാന്‍ കമ്പനിക്ക് നിര്‍ദേശം

ചുമ മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തില്‍ മരുന്ന് ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ കമ്പനിക്ക് നിര്‍ദേശം. മാരിയോണ്‍ ബയോടെകിന്റെ നോയിഡ ആസ്ഥാനമായുള്ള പ്ലാന്റിലെ ഉത്പാദനം നിര്‍ത്തി വെക്കാനാണ് ഉത്തരവ്. യുപി ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും നടത്തിയ പരിശോധനക്ക പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പിനെപ്പറ്റി പരാതിയുമായി ഉസ്‌ബെക്കിസ്ഥാന്‍ രംഗത്ത് എത്തിയത്. ഇന്ത്യന്‍ കഫ് സിറപ്പ് (ചുമ മരുന്ന്) കഴിച്ച 18 കുട്ടികള്‍ മരിച്ചെന്നാണ് ഉസ്‌ബെക്കിസ്ഥാന്റെ ആരോപണം. നോയിഡ ആസ്ഥാനമായുള്ള മാരിയോണ്‍ ബയോടെക് നിര്‍മിച്ച ഡോക്-1 മാക്‌സ് കഴിച്ചവര്‍ക്കാണു പ്രശ്‌നമെന്ന് ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നത്.

ലാബ് പരിശോധനയില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷപദാര്‍ഥത്തിന്റെ സാന്നിധ്യം കഫ് സിറപ്പില്‍ കണ്ടെത്തിയെന്നും ആരോപണമുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ രക്ഷിതാക്കള്‍ സ്വന്തം നിലയ്ക്കു മരുന്നു വാങ്ങി കുട്ടികള്‍ക്കു കൊടുത്തതാണു പ്രശ്‌നമായതെന്നാണു സൂചന. കുട്ടികളുടെ മരണത്തെത്തുടര്‍ന്നു ഡോക്-1 മാക്‌സ്’ ടാബ്‌ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളില്‍നിന്നും പിന്‍വലിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്നും ഉസ്‌ബെക്കിസ്ഥാന്‍ അറിയിച്ചു.

ആരോപണം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയംഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് (ഡി.സി.ജി.ഐ) നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ നോയിഡ ഓഫിസില്‍ അധികൃതര്‍ പരിശോധന നടത്തി. അതേസമയം മരുന്നിന്റെ ഉല്‍പാദനം നിര്‍ത്തിവെച്ചതായി മാരിയോണ്‍ ബയോടെക് അറിയിച്ചു. വിവാദമായ ചുമ മരുന്ന് ഇന്ത്യയില്‍ വിറ്റിട്ടില്ലെന്നും മരുന്നിന്റെ കയറ്റുമതി മാത്രമാണുള്ളതെന്നും കമ്പനി വ്യക്തമാക്കി.

സംഭവത്തില്‍ ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല, പരിശോധനകളിലും പ്രശ്‌നങ്ങള്‍ കണ്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ സാന്നിധ്യം ആ രാജ്യത്തുണ്ട്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതേക്കുറിച്ച് പരിശോധിക്കുന്നതായിരിക്കും. നിലവില്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചു’- അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്കരോഗം ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ച നാല് കഫ് സിറപ്പുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്’ നിര്‍മിക്കുന്ന കഫ് സിറപ്പുകള്‍ക്കെതിരെയായിരുന്നു അന്വേഷണം. പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ കഫ് സിറപ്പുകളാണ് സംശയനിഴലിലുള്ളത്. ഈ കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് മുന്നറിയിപ്പു നല്‍കിയിരുന്നു.

webdesk11: