X

രാജീവ് ഗാന്ധി വധക്കേസ്: പ്രതിപ്പട്ടികയിലുള്ള വിവാദ ആത്മീയ നേതാവ് അന്തരിച്ചു

മുംബൈ: രാജീവ്ഗാന്ധി വധക്കേസില്‍ പങ്കുള്ളതായി സിബിഐ കണ്ടെത്തിയ വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് മുംബൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക്കാഘാതമുണ്ടായതിനു പിന്നാലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ട കേസില്‍ ചന്ദ്രസ്വാമിക്ക് പങ്കുള്ളതായി സിബിഐ കണ്ടെത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാഹചര്യ തെളിവുകളും രേഖകളും ചന്ദ്രസ്വാമിക്ക് എതിരായിരുന്നു. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആത്മീയ ഉപദേശകനായിരുന്നു ചന്ദ്രസ്വാമി. നരസിംഹറാവു പ്രധാനമന്ത്രിയായതോടെ ചന്ദ്രസ്വാമി ഡല്‍ഹിയില്‍ ആശ്രമം സ്ഥാപിച്ചിരുന്നു. ഇതുവഴി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടു. വിദേശവിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീംകോടതി ശിക്ഷക്കു വിധേയനായി. തുടര്‍ന്ന് 1996ല്‍ ലണ്ടനിലെ ഒരു വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ സ്വാമിയെ വീണ്ടും അറസ്റ്റു ചെയ്തു. രാജീവ് വധത്തില്‍ സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടന്നുവരികയാണ്

chandrika: