ഗസ്സ സിറ്റി / ജറൂസലം: ഇസ്രായേൽ – ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്‍റെ ഷെല്ലാക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റു. പയ്യാവൂർ പൈസക്കരിയിലെ ആനന്ദിന്റെ ഭാര്യ കൊട്ടയാടൻ ഷീജ (41) ക്കാണ് പരിക്കേറ്റത്.
ഹോംനഴ്സായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു.
അതേസമയം, ലെബനാനിലെ ഹിസ്ബുല്ല സായുധ സംഘം ഞായറാഴ്ച ഇസ്രോയൽ അധീനതയിലുള്ള ഗോലാൻകുന്നുകളിലെ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തി. 12ലേറെ തവണ റോക്കറ്റ്, ഷെല്ലാക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്‍റ് സൊസൈറ്റി പറയുന്നു. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.
ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.