വടകരയില്‍ കാരവാനിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമാണ് മരണത്തിന് കാരണമെന്ന് സൂചന. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിതെന്നാണ് പ്രാധമിക നിഗമനം. വിഷവാതകത്തിന്റെ തോത് 400 പോയിന്റ് കടന്നാല്‍ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പരിശോധനയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും 400 പോയിന്റ മറികടന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത്. അതേ സമയം, എ സിയില്‍ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. എന്‍ഐടി വിദഗ്ധരും, ഫൊറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
ഡിസംബര്‍ 23 നാണ് വടകരയില്‍ കാരവാനില്‍ രണ്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരെയാണ് കാരവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെട്ടതിനാല്‍ നാട്ടുകാര്‍ ആദ്യം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.