വയനാട് മേപ്പാടിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രി വയറിന് മാരകമായ കുത്തേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേപ്പാടി കര്‍പ്പൂരക്കാട്‌വെച്ചാണ് കുത്തേറ്റത്.
ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ അവസാനിച്ചത്. മുര്‍ഷിദിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് ഒരു കടയുടെ മുന്‍പില്‍ ബൈക്ക് നിര്‍ത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് രൂപേഷും സംഘവുമെത്തി. രൂപേഷ് ബൈക്കിന്റെ ചാവിയൂരി വലിച്ചെറിഞ്ഞു. ഇത് ചോദ്യം ചെയ്ത് മുര്‍ഷിദും മറ്റൊരു സുഹൃത്തും സ്ഥലത്തെത്തി. പിന്നാലെയിത് വാക്കേറ്റത്തിലേക്കും ആക്രമണത്തിലേക്കും എത്തി. ഇതിനിടയില്‍ രൂപേഷ് മുര്‍ഷിദിനെ കുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റിരുന്നു ഇയാള്‍ ചികിത്സയിലാണ്.