അമ്മയേയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കുന്നംകുളം പന്നിത്തടത്താണ് ദുരൂഹ സംഭവം നടന്നത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (3) അമന്‍ (1.5) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കാണുന്നത്. ഇന്നലെ ബന്ധുവിന്റെ വീട്ടില്‍ പോയി യുവതിയും മക്കളും രാത്രിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. സംഭവസമയത്ത് ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷമായിരിക്കും മൃതദേഹങ്ങള്‍ മാറ്റുക.