X
    Categories: indiaNews

ചുമ മരുന്ന് കഴിച്ച് മരണം; 18 കമ്പനികള്‍ അടച്ചുപൂട്ടും, 71 കമ്പനികള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ചുമമരുന്ന് കഴിച്ചുള്ള മരണത്തെത്തുടര്‍ന്ന് രാജ്യത്തെ 18 കഫ്‌സിറപ്പ് നിര്‍മാണ കമ്പനികള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. 71 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാജ മരുന്നുകളോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മലിനമായ ഇന്ത്യന്‍ നിര്‍മിത കഫ്‌സിറുപ്പുകള്‍ ആഗോളതലത്തില്‍ 300-ലധികം ആളുകള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യത്ത് ഗുണനിലവാരമുള്ള മരുന്നുകളുടെ ഉല്‍പ്പാദനം ഉറപ്പാക്കാന്‍ രാജ്യത്തുടനീളം വിപുലമായ പരിശോധന നടത്തുന്നുണ്ടെന്നും മൂലം ആരും മരിക്കാതിരിക്കാന്‍ സര്‍ക്കാരും റെഗുലേറ്റര്‍മാരും സദാ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരിയില്‍ തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍ അതിന്റെ മുഴുവന്‍ ഐ ഡ്രോപ്പുകളും തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗാംബിയയില്‍ 66 കുട്ടികളുടെയും ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെയും മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന്് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു.

2021-22ല്‍ 17 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2022-23ല്‍ 17.6 ബില്യണ്‍ ഡോളറിന്റെ ചുമ സിറപ്പുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ ലോകമെമ്പാടുമുള്ള ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഇന്ത്യ. വിവിധ വാക്‌സിനുകളുടെ ആഗോള ആവശ്യത്തിന്റെ 50 ശതമാനവും യുഎസിലെ ജനറിക് ഡിമാന്‍ഡിന്റെ 40 ശതമാനവും യുകെയിലെ എല്ലാ മരുന്നുകളുടെയും 25 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്. കഫ്‌സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് മരണകാരണം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു കുട്ടിക്ക് വയറിളക്കമാണെന്ന് കണ്ടെത്തി. വയറിളക്കമുള്ള കുട്ടിക്ക് കഫ്‌സിറപ്പ് ശുപാര്‍ശ ചെയ്ത സംഭവം പരിശോധിക്കേണ്ടതാണെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

webdesk11: