രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി ടി എന്‍ പ്രതാപന്‍ എംപി. എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വീടൊഴിഞ്ഞത്. ഇതിന് പിന്നാലെയാണ് കുറിപ്പുമായി പ്രതാപന്‍ രംഗത്തെത്തിയത്.
കുറിപ്പിന്റെ പൂര്‍ണ രൂപം
അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാല്‍ നെഹ്റു പണികഴിപ്പിച്ചതാണ്. നെഹ്റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. പക്ഷെ, ഇന്നത് സര്‍ക്കാര്‍ സ്വത്താണ്. ആ കുടുംബവീട് അവര്‍ രാജ്യത്തിന് നല്‍കി. ജവഹര്‍ലാല്‍ തന്റെ സ്വത്തില്‍ നിന്ന് പൊതുഖനജനവിലേക്ക് 192 കോടി രൂപ സംഭാവനയായി നല്‍കി.
ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കി. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നല്‍കി. ഇപ്പോള്‍ സത്യം പറയുന്നതിന്റെ പേരില്‍, അഴിമതിക്കാരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ പേരില്‍, വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്‍ അവര്‍ കെട്ടി. ഇന്ന്, തുഗ്ലക് ലൈനിലെ തന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് രാഹുല്‍ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവില്‍ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.