പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും പങ്കിനെക്കുറിച്ച് ആദ്യം മുതല്‍ താന്‍ ചോദ്യം ഉന്നയിക്കുന്നതാണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ്. ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥിനെയും വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.
‘ആദ്യം മുതല്‍ തന്നെ ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡനന്റെയും പങ്കിനെക്കുറിച്ച് പറയുന്നുണ്ട്. ഇവരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഈ നടപടി വൈകിയത്. കൊലപാതകം നടന്ന ശേഷം മൃതദേഹം എടുത്തുകൊണ്ടു പോയത് ഡീനാണ്. കൊലപാതക കുറ്റത്തിന് ബാക്കി ഉള്ളവരുടെ കൂടെ ഇവരെയും വിചാരണ ചെയ്യണം. പ്രതി ചേര്‍ക്കണം. മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന കൊടിയ പീഡനത്തില്‍ ഇവര്‍ക്കും പങ്കുണ്ട്. എന്തിനാണ് തൂങ്ങി നിന്ന മൃതദേഹം ഡീന്‍ അഴിച്ചിറക്കിയത്. ഡീന്‍ പകുതി ആരാച്ചാരുടെ പണി ചെയ്തില്ലേ. എന്തുകൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നത്.
കേസ് കെട്ടിച്ചമച്ച ഒരു പെണ്‍കുട്ടി ഉണ്ട്. അവരെയും കേസില്‍ പ്രതി ചേര്‍ക്കണം. ആരൊക്കെ ഇതില്‍ ഇടപെട്ടിട്ടുണ്ടോ അവരെ എല്ലാം കേസിലേക്ക് ഉള്‍പ്പെടുത്തണം. വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ല. അതിന്റെ പിറകെ പോകാന്‍ സമയമില്ല. എന്റെ മകന് നീതി ലഭിക്കണം. എസ്എഫ്‌ഐയുടെ പ്രമുഖ നേതാക്കളാണ് പ്രധാന പ്രതികള്‍. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടികളെയും ലക്ഷ്യം വയ്ക്കുന്നില്ല. വര്‍ഷങ്ങളോളം നടത്തി വന്നിരുന്ന ഒരു ക്രൂരത കൊലപാതകത്തിലേക്ക് നയിച്ചപ്പോള്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല’. ജയപ്രകാശ് പറഞ്ഞു.