X

പാക്കിസ്ഥാനില്‍ പള്ളിക്കുള്ളില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; സ്‌ഫോടനം പ്രാര്‍ഥനാ നേരത്ത്

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 28 പേര്‍ കൊല്ലപ്പെട്ടു. 150പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ഈ സമയത്ത് 260ഓളം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു.

നിരവധി പേര്‍ ഇപ്പോഴും പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

പാകിസ്ഥാന്‍ താലിബാനാകാം സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും നേരെ സ്ഥിരമായി പാക് താലിബാന്‍ ആക്രമണം നടത്താറുണ്ട്.

പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന പള്ളിയാണിത്. ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു.

webdesk13: