X

ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം -സംസ്ഥാന ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ സമീപിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇക്കാര്യമുന്നയിച്ച് കത്തയച്ചത്. ആഗസ്റ്റ് 13നാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. ഇപ്പോഴും അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയം മാത്രമാണ് രേഖകളെല്ലാം ശരിയാക്കി അപേക്ഷ സമര്‍പ്പണത്തിന് ലഭിച്ചതെന്നും കത്തില്‍ വ്യക്തമാക്കി.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ തീര്‍ഥാടനത്തിനായി ഇതുവരെ 11,013 അപേക്ഷകളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ 2506 പേര്‍ 65 വയസ്സിനു മുകളിലുള്ളവരും 1075 പേര്‍ പുരുഷ മഹ്‌റമില്ലാത്ത വനിതകളുമാണ്. ഈ രണ്ടു വിഭാഗങ്ങളിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 7432 പേരാണ് ജനറല്‍ വിഭാഗത്തിലുള്ളത്.

അപേക്ഷകളുടെ പരിശോധന തുടരുകയാണെന്നും സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകനെ എസ്.എം.എസായി അറിയിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാം.

webdesk14: