അമ്പലപ്പുഴ: കടലില്‍ കെട്ടിത്താഴ്ത്തിയെന്ന് പ്രതികള്‍ പറഞ്ഞ മൃതദേഹം തീരത്ത് കുഴിച്ചുമൂടിയ നിലയില്‍ പൊലീസ് കണ്ടെത്തി. 19ന് പറവൂരില്‍ നിന്നും കാണാതായ നിരവധി ക്രിമിനല്‍ കേസിലെ പ്രതി പുന്നപ്ര പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനു(കാകന്‍ മനു 28)വിന്റെ മൃതദേഹമാണ് പറവൂര്‍ കടല്‍ത്തീരത്തുനിന്ന് പൊലീസ് കണ്ടെടുത്തത്.
കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പറവൂര്‍ കാക്കരിയില്‍ ഓമനക്കുട്ടന്‍ എന്നു വിളിക്കുന്ന ജോസഫ് (19), പറവൂര്‍ പറയകാട്ടില്‍ കൊച്ചു മോന്‍ എന്നു വിളിക്കുന്ന സെബാസ്റ്റ്യന്‍ (39) എന്നിവര്‍ ശനിയാഴ്ച (ഇന്ന്) പുലര്‍ച്ചെ അറസ്റ്റിലായിരുന്നു. ഇതില്‍ കൊച്ചുമോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം മണലില്‍ അഞ്ചടിയോളം താഴെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കടലില്‍ കെട്ടി ആഴ്ത്തിയെന്ന് പ്രതികള്‍ പറഞ്ഞ സ്ഥലത്തു നിന്നും 300 മീറ്ററോളം തെക്കു മാറിയാണ് മൃതദേഹം ജെ സി ബി യുടെ സഹായത്തോടെ ശനിയാഴ്ച പകല്‍ 3.30 ന് പൊലീസ് പുറത്തെടുത്തത്. പൂര്‍ണ്ണ നഗ്‌നതയിലായിരുന്ന മൃതദേഹത്തിന്റെ കാലുകള്‍ വെള്ള തുണി കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ഇത് മനു ഉടുത്തിരുന്ന മുണ്ടാണന്ന് തെരച്ചിലിന്റെ ഭാഗമായി സംഭവ സ്ഥലത്തെത്തിച്ച പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
കടലില്‍ കെട്ടിത്താഴ്ത്തിയെന്നു പറഞ്ഞ സ്ഥലത്തു നിന്ന് തീരത്തു കൂടി വലിച്ചിഴച്ചാണ് മൃതദേഹം ഇവിടെയെത്തിച്ചത്. വലിച്ചിഴക്കുന്നതിന് മുമ്പ് മനു ധരിച്ചിരുന്ന വസ്ത്രങ്ങളും, മനുവിന്റെ രക്തം പുരണ്ട പ്രതികളുടെ വസ്ത്രങ്ങളും കത്തിച്ചിരുന്നു. ചേര്‍ത്തല തഹസില്‍ദാര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 4.45 ഓടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച ( നാളെ) പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.