കണ്ണൂര്‍: സൈനികന്റെ മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി ഭാര്യ. കണ്ണാടിപ്പറമ്പ് പൂല്ലൂപ്പിയിലെ സുബേദാര്‍ വി ഷാജിയുടെ മൃതദേഹത്തോടാണ് പൊലീസ് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ഭാര്യ പരാതി നല്‍കിയത്. സംഭവത്തില്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
കരസേനാംഗമായിരുന്ന സുബേദാര്‍ വി ഷാജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെഡിക്കല്‍ ലീവില്‍ നാട്ടിലെത്തി ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ച് കണ്ണൂരിലുള്ള മിലിറ്ററി ഹോസ്പിറ്റലില്‍ എത്തിക്കുന്നതിനിടെയായിരുന്നു മരണം. വിവരം സൈന്യത്തില്‍ നിന്നും, ഷാജിയുടെ ബന്ധുക്കള്‍ മുഖേനെയും മയ്യില്‍ പൊലീസില്‍ അറിയിച്ചെങ്കിലുംഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് വൈകിപ്പിച്ചതായാണ് പരാതി. അനുബന്ധ ആദരവുകള്‍ നല്‍കാന്‍ പോലും തയ്യാറാകാതിരുന്ന പൊലീസ് അംഗങ്ങള്‍ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് വഴിയില്‍ തടഞ്ഞതായും സഹോദരന്‍ പറയുന്നുണ്ട്.
സേവനകാലയളവില്‍ മരിച്ചസൈനികന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കുമ്പോള്‍ പൊലീസ് വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ അനുഗമിക്കാറുണ്ടെങ്കിലും അതുണ്ടായില്ല. നാട്ടിലും വീട്ടിലും നടന്ന അന്തിമോപചാര ചടങ്ങില്‍ മയ്യില്‍ സ്റ്റേഷനിലെ ഒരു പ്രതിനിധി പോലും പങ്കെടുത്തില്ല