X

ഡിവില്ലിയേഴ്‌സ് ടെസ്റ്റ് നായക പദവിയൊഴിഞ്ഞു; വിരമിക്കല്‍ സൂചനയോ?

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞു. ഫാഫ് ഡുപ്ലെസിയെ ക്യാപ്റ്റനായി നിയമിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക ഉത്തരവിറക്കി. ഡിവില്ലിയേഴ്‌സിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചിരുന്നത് ഡുപ്ലെസിയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഹാഷിം അംലയില്‍ നിന്ന് ഡിവില്ലിയേഴ്‌സ് നായക പദവി ഏറ്റെടുത്തത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമിനെ നയിച്ചു.

കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ പര്യടനത്തില്‍ ഡിവില്ലിയേഴ്‌സിന് കളിക്കാനായിരുന്നില്ല. ഈ മാസം 26ന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഡുപ്ലെസിയുടെ കീഴില്‍ ഓസ്‌ട്രേലിയയില്‍ പരമ്പര വിജയിക്കുകയും ചെയ്തു. എബി ഡിവില്ലിയേഴ്‌സ് ടെസ്റ്റില്‍ നിന്ന് വിരമിച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ടി20, ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഡിവില്ലിയേഴ്‌സാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികാരികള്‍ വ്യക്തമാക്കുന്നത്. ഡിവില്ലിയേഴ്‌സിന് പരിക്കില്‍ നിന്ന് മോചിതനാകാന്‍ മൂന്നോ, നാലോ ആഴ്ചകള്‍ വേണ്ടിവരും. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ടീമില്‍ മടങ്ങിയെത്താനാവുമെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കുന്നത്.

chandrika: