ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. പാട്യാല ഹൗസ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. കേസിലെ മറ്റു പ്രതികളുടെ കൂടി സാന്നിധ്യത്തിലാവും ദിശയെ ചോദ്യം ചെയ്യല്‍. റിമാന്റ് കാലാവധി അഞ്ചു ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിര്‍മിച്ച ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ടാണ് ഈ മാസം ആദ്യം ഡല്‍ഹി പൊലിസ് ദിശ രവിയെ അറസ്റ്റ് ചെയ്തത്. ദിശാ രവിയെ കൂടാതെ മലയാളി അഭിഭാഷക നികിത ജേക്കബ്, ശന്തനു മുളുക് എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു.