ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഡിസംബര്‍ ആറിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റിവെച്ചു. നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ മുസ്‌ലിംലീഗിന്റെ ഹര്‍ജി പ്രധാനമായി പരിഗണിക്കും. മറ്റ് ഹര്‍ജിക്കാര്‍ തങ്ങളുടെ വാദം മുസ്‌ലിംലീഗ് അഭിഭാഷകര്‍ക്ക് കൈമാറണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പ്രത്യേകമായി കേള്‍ക്കും. ഇരുന്നൂറോളം ഹര്‍ജികളാണ് നിയമത്തിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.
മുസ്ലിംലീഗിന്റെ ഹര്‍ജി പ്രധാന ഹര്‍ജിയായി കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മറ്റ് ഹര്‍ജിക്കാര്‍ തങ്ങളുടെ വാദം മൂന്ന് പേജില്‍ കവിയാതെ മുസ്ലിംലീഗ് അഭിഭാഷകര്‍ക്ക് കൈമാറണം. മുസ്ലിംലീഗിന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് പല്ലവി പ്രതാപിനെ ഹര്‍ജിക്കാരുടെ നോഡല്‍ ഓഫീസറായും തുഷാര്‍ മേത്തയുടെ ജൂനിയര്‍ കാനു അഗര്‍വാളിനെ എതിര്‍കക്ഷികളുടെ നോഡല്‍ ഓഫീസറായും നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സുപ്രിംകോടതി അഭിഭാഷകനായ ഹാരിസ് ബീരാന്‍ എന്നിവരാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരായത്.