X

ഷുഹൈബിന്റെ കൊലപാതകം; ആറ് പേര്‍ കസ്റ്റഡിയില്‍: പാര്‍ട്ടി ഗ്രാമങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയില്‍. ഷുഹൈബിനെ വധിച്ച 4 പ്രതികളെപ്പറ്റി കൃത്യമായ വിവരം ഇവരില്‍ നിന്ന് ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ ആറ് പേരെയും കണ്ണൂര്‍ എസ്.പി ശിവവിക്രമിന്റെ നേത്രത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുളളവര്‍ അല്ല കസ്റ്റഡിയില്‍ ഉളളതെന്നും പോലീസ് അറിയിച്ചു.

അതേസമയം പ്രതികള്‍ക്കായി സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി. ജില്ലാ പൊലീസ് മേധാവി ശിവ വിക്രമിന്റെ നേത്രത്വത്തിലാണ് മുഴക്കുന്ന്,മാലൂര്‍ മേഖലകളില്‍ തിരച്ചില്‍ നടത്തിയത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എ. കുട്ടികൃഷ്ണന്‍ എന്നിവരുടെ നേത്രത്വത്തിലുളള വന്‍ പൊലീസ് സംഘവും തിരച്ചിലില്‍ പങ്കെടുത്തു. കണ്ണൂര്‍ പൊലീസ് ക്യമ്പില്‍ നിന്നുളള പ്രത്യേക സായുധസേനയും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

ഷുഹൈബിന്റെ കൊലപാതക സമയത്ത് പരോളിലുണ്ടായിരുന്ന പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് ഈ സാധ്യത പരിശോധിക്കുന്നത്. കൊലപാതകം ഉണ്ടായി ഒരാഴ്ചയാകാറായിട്ടും പൊലീസ് ഇരുട്ടില്‍ത്തപ്പുന്നത് കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിലേക്കു പോലും പ്രതിപക്ഷം വിരല്‍ചൂണ്ടിയതിനു പിന്നാലെയാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ കയറിയുള്ള പരിശോധന.

എസ്പി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാലു സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികളെ പറ്റി വ്യക്തമായ സൂചനകളുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തിങ്കളാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങാനിരിക്കെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

chandrika: