X
    Categories: MoreViews

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം

കോഴിക്കോട്: കോഴിക്കോടിന് ഇനി സാഹിതീയ-സാസ്‌കാരിക വിനിമയങ്ങളുടെ ഉത്സവനാളുകള്‍. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് നാളെ കടപ്പുറത്ത് തുടക്കം കുറിക്കും. 5വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ മുന്നൂറില്‍പരം എഴുത്തുകാര്‍ പങ്കെടുക്കും. വൈകീട്ട് 4.30ന് എം ടി വാസുദേവന്‍ നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ശേഷം പത്മവിഭൂഷണ്‍ സദ്ഗുരുവുമായി ശശികുമാര്‍, മഞ്ജുവാര്യര്‍ എന്നിവര്‍ മുഖാമുഖം നടത്തും. വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ്‌സ് കെഎല്‍എഫ് രാവിലെ 9ന് ആരംഭിക്കും. നാല്് വ്യത്യസ്ത വേദികളില്‍ രാവിലെ 9.30മുതല്‍ രാത്രി 9.30വരെ തുടര്‍ച്ചയായി നടക്കുന്ന സാഹിത്യോല്‍സവത്തില്‍ 120ഓളം വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടക്കും.ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ആരി സിതാസ്, പാകിസ്താന്‍ എഴുത്തുകാരി ഖൈ്വസ്ര ഷഹറാസ്, നോര്‍വീജിയന്‍ എഴുത്തുകാരന്‍ റൂനോ ഇസാക് സെന്‍ തുടങ്ങി പത്തിലേറെ വിദേശ എഴുത്തുകാരും റോമിലാ ഥാപ്പര്‍, രാമചന്ദ്ര ഗുഹ, സുധീര്‍ കക്കര്‍, ശശി തരൂര്‍, ഗോപാല്‍ ഗുരു, ശരണ്‍കുമാര്‍ ലിംബാളെ, ഉര്‍വശി ഭൂട്ടാലിയ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. എം ടി, ടി പത്മനാഭന്‍, എന്‍ എസ് മാധവന്‍, എം മുകുന്ദന്‍, സേതു, സക്കറിയ തുടങ്ങി മുതിര്‍ന്ന എഴുത്തുകാര്‍ മുതല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ മലയാളി എഴുത്തുകാരും സംവാദങ്ങളില്‍ പങ്കെടുക്കും.
ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് എം മുകുന്ദനും പിണറായി വിജയനും തമ്മിലും എന്റെ രാഷ്ട്രീയം വിഷയത്തില്‍ ടി പത്മനാഭനും എം എ ബേബിയും തമ്മിലും സംവാദം നടക്കും. കാനം രാജേന്ദ്രന്‍, പ്രഫ. സി രവീന്ദ്ര നാഥ്, പ്രഭാത് പട്‌നായിക്, ഡോ. എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, എ പ്രദീപ്കുമാര്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഭാവി, ഇസ്്‌ലാമും ഇസ്്‌ലാമിക സ്‌റ്റേറ്റും, ഏകീകൃത സിവില്‍ കോഡ് അകവും പുറവും,മനുഷ്യാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. 2ന് ഞരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിക്കുന്ന ഹരിഗോവിന്ദ ഗീതവും 3ന് കിര്‍ത്താഡ്‌സ് അവതരിപ്പിക്കുന്ന മലപ്പുലയ നൃത്തവും ഭാനുപ്രകാശും നിഹാര ഹര്‍ഷും അവതരിപ്പിക്കുന്ന മെഹ്ഫിലും 4ന് ഉസ്താദ് ബിസ്മില്ലാഖാന്റെ കൊച്ചുമകന്‍ നാസിര്‍ അബ്ബാസ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഷെഹനായ് സന്ധ്യ. അന്ന് തന്നെ കോടതികളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ്, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 5ന് ആദി കലാ കേന്ദ്രത്തിന്റെ ആട്ടവും കാട്ടുനായ്ക്കര്‍ നൃത്തവും അരങ്ങേറും. ഒ വി വിജയന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശവനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, രവി ഡിസി, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം പങ്കെടുത്തു.

chandrika: