എറണാകുളം കാക്കനാട് ടിവി സെന്ററില്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എറണാകുളം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണറായ ജാര്‍ഖണ്ഡ് സ്വദേശി മനീഷ് വിജയിയെയും സഹോദരി ശാലിനി വിജയിയെയുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനരുടേയുമ മാതാവ് ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം ഉയര്‍ന്നതോടെ സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടാഴ്ചയായി അവധിയില്‍ ആയിരുന്ന മനീഷ് അവധി കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു വരികയായിരുന്നു.
മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് ദുര്‍ഗന്ധം നിലനില്‍ക്കുന്നുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മാലിന്യത്തില്‍ നിന്നുള്ള ഗന്ധമാവാമെന്നാണ് കരുതിയതെന്നും ഇവര്‍ പറഞ്ഞു. മനീഷിന്റെ മൃതദേഹം മുന്‍വശത്തെ കിടപ്പുമുറിയിലും ശാലിനിയുടേത് പിന്‍വശത്തെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ഫൊറന്‍സിക് സര്‍ജന്‍ എത്തിയ ശേഷമായിരിക്കും പൊലീസ് വീട്ടില്‍ പരിശോധന നടത്തുക.