X

തിഹാര്‍ ജയിലിലെ നാളുകള്‍

അരുണാഭ് സൈകിയ

തന്റെ 23 ദിവസത്തെ ജയില്‍വാസത്തിന്റെ ‘ഏറ്റവും ഭയാനകമായ’ ഭാഗം ഡല്‍ഹി പൊലീസ് ബസില്‍ ഉത്തര്‍പ്രദേശിലേക്കുള്ള 10 മണിക്കൂര്‍ നീണ്ട യാത്രയായിരുന്നുവെന്ന് മുഹമ്മദ് സുബൈര്‍ പറയുന്നു. എന്നിട്ടും ആ യാത്രകളില്‍, തന്നോടൊപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങളില്‍ തനിക്ക് പ്രതീക്ഷ ലഭിച്ചതായി ആള്‍ട്ട് ന്യൂസ് വസ്തുതാപരിശോധന സൈറ്റിന്റെ സഹസ്ഥാപകന്‍ പറഞ്ഞു. ‘എനിക്കൊപ്പം യാത്ര ചെയ്യുന്ന 20 ലധികം പൊലീസുകാരെയും ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും കോണ്‍സ്റ്റബിള്‍മാരെയും ഞാന്‍ കണ്ടിരിക്കണം’ അദ്ദേഹം പറഞ്ഞു. ‘അവരോട് സംസാരിച്ചതിന് ശേഷം, രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്ന ആളുകള്‍ ഉണ്ടെന്ന് എനിക്ക് തോന്നി. ഒരുപക്ഷേ അത് അവരുടെ വോട്ടിംഗില്‍ പ്രതിഫലിക്കുന്നില്ലെങ്കിലും അവര്‍ക്ക് കാര്യങ്ങള്‍ അറിയാം. സര്‍ക്കാര്‍ അനുകൂല ടെലിവിഷന്‍ വാര്‍ത്താ അവതാരകരെ പൊലീസുകാര്‍ ഒരേപോലെ ഇകഴ്ത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘അവരില്‍ ഭൂരിഭാഗവും രവീഷ് കുമാറിന്റെ ആരാധകരായിരുന്നു’ എന്‍.ഡി.ടി.വിയുടെ സൗമ്യമായ വാര്‍ത്താ അവതാരകനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ വാര്‍ത്തകളുടെ വര്‍ധിച്ചുവരുന്ന അടിമത്വത്തില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ട്വിറ്ററില്‍ ഏകദേശം 600,000 ഫോളോവേഴ്‌സുള്ള സുബൈര്‍ മെയ് 27 ന്, അന്നത്തെ ഭാരതീയ ജനതാപാര്‍ട്ടിയുടെ വക്താവായിരുന്ന നുപൂര്‍ ശര്‍മയുടെ ഒരു ക്ലിപ്പ് ട്വീറ്റ് ചെയ്തു. സര്‍ക്കാറിനോട് ചായ്‌വുള്ള ടൈംസ്‌നൗ വാര്‍ത്താചാനലിലെ ഒരു ഷോയില്‍ നുപൂര്‍ ശര്‍മ പ്രവാചകനെ വിമര്‍ശിക്കുന്നതായിരുന്നു അത്. ‘ഇന്ത്യയിലെ പ്രൈം ടൈം ചര്‍ച്ചകള്‍ മറ്റുമതങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ വിദ്വേഷ പ്രചാരകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി മാറിയിരിക്കുന്നു’ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റ് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇത് വലിയ നയതന്ത്ര തര്‍ക്കത്തിലേക്ക് നയിക്കുകയും മിഡില്‍ ഈസ്റ്റിലെ എണ്ണ സമ്പന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ ശര്‍മയുടെ അഭിപ്രായത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തുകയും ചെയ്തു. ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബി.ജെ.പി നിര്‍ബന്ധിതരായി. എന്നാല്‍ സുബൈറിനെതിരെ പ്രതികാര നടപടിക്ക് ആഹ്വാനം ചെയ്ത പാര്‍ട്ടി അനുഭാവികള്‍ക്ക് സസ്‌പെന്‍ഷന്‍ അത്ര ഇഷ്ടപ്പെട്ടില്ല. കൃത്യം ഒരു മാസത്തിന് ശേഷം ഡല്‍ഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തു. 1983ലെ ബോളിവുഡ് സിനിമയില്‍ നിന്നുള്ള ഒരു സ്റ്റില്‍ സുബൈര്‍ 2018ല്‍ ട്വീറ്റ് ചെയ്തത് തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്ന അജ്ഞാത ട്വിറ്റര്‍ ഉപയോക്താവിന്റെ പരാതിയായിരുന്നു അറസ്റ്റിന് കാരണം. തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശ് പൊലീസ് രംഗത്തിറങ്ങിയത്. ആദ്യം, വിദ്വേഷ പ്രസംഗത്തിന് സുബൈറിനെ അറസ്റ്റ് ചെയ്തു. ആ കേസില്‍ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചപ്പോള്‍ പഴയ നിരവധി കേസുകള്‍ പൊടി തട്ടിയെടുത്തു. അവയില്‍ മിക്കതും സുബൈറിന്റെ വസ്തുതാപരിശോധനയും വിദ്വേഷ പ്രസംഗങ്ങളും രേഖപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകള്‍ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജൂലായ് 20 ന് സുപ്രീം കോടതി എല്ലാ കേസുകളിലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും അതേ നടപടിയുടെ പേരില്‍ അദ്ദേഹത്തിനെതിരെ ചുമത്തിയ മറ്റേതെങ്കിലും കേസില്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസ് എസ്.ഐ.ടിയെ പിരിച്ചുവിടുകയും സുബൈറിന്റെ വായ മൂടിക്കെട്ടണമെന്ന സംസ്ഥാന അഭിഭാഷകന്റെ ഹര്‍ജി തള്ളുകയും ചെയ്തു.

നാല് ദിവസത്തിന്‌ശേഷം, ഞായറാഴ്ച സുബൈറുമായി സംസാരിച്ചപ്പോള്‍, അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തി, മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി വരികയാണ്. താന്‍ തടവിലായിരുന്ന തിഹാര്‍ ജയില്‍ വാര്‍ഡിലെ ഏതാണ്ട് 80 തടവുകാരുമായും താന്‍ സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ നിരവധി ‘ഉന്നതരായ’ ആളുകളെ പാര്‍പ്പിച്ച വാര്‍ഡിലാണ് സുബൈറിനെയും തടവിലാക്കിയത്. ഹിന്ദു വലതുപക്ഷ പാര്‍ട്ടിയായ ശിവസേനയുടെ ഉറച്ച അനുയായിയായ ഒരു ബിസിനസുകാരനായിരുന്നു സുബൈറിന്റെ സെല്‍ സഹപ്രവര്‍ത്തകരിലൊരാള്‍. സ്വാഭാവികമായും സുബൈറിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ അയാള്‍ കോപാകുലനായിരുന്നു. എന്നാല്‍ സുബൈറിന് ജാമ്യം ലഭിച്ച ദിവസം അയാള്‍ സുബൈറിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. തികച്ചും വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരായിരുന്നിട്ടും 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ പരസ്പരം വളരെ അടുപ്പത്തിലായി- സുബൈര്‍ പറഞ്ഞു. ‘ഒരുപക്ഷേ അത് ഞങ്ങളുടെ ഇടപെടല്‍ കൊണ്ടായിരിക്കാം. നമുക്ക് കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചാല്‍ ആളുകളെ മാറ്റാന്‍ കഴിയുമെന്ന് ഇത് എനിക്ക് പ്രതീക്ഷ നല്‍കി’.

നൂപുര്‍ ശര്‍മയെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ അദ്ദേഹം വിമുഖത കാട്ടുന്നതായി തോന്നി. എന്നിരുന്നാലും, ചില കമന്റേറ്റര്‍മാര്‍ നിര്‍ദ്ദേശിച്ചതുപോലെ ശര്‍മയുടെ അഭിപ്രായങ്ങള്‍ ദൈവ നിന്ദയാണെന്ന് താന്‍ വിശ്വസിച്ചതിനാലാണ് ശര്‍മയുടെ ക്ലിപ്പ് ട്വീറ്റ് ചെയ്യാത്തതെന്ന് അദ്ദേഹം അടിവരയിട്ടു. വാര്‍ത്താചാനലിനെ ഉണര്‍ത്തുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം- അദ്ദേഹം പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഫോണ്‍ ലഭിച്ചാല്‍ ജോലി തുടരുമെന്നും സുബൈര്‍ പറയുന്നു.

Chandrika Web: