ന്യൂഡല്‍ഹി: സ്ത്രീകളുടെ പുരോഗതി എന്നതില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന പുരോഗതി എന്ന സ്ഥിതിയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ വികസനം സാധ്യമാക്കാനായിരുന്നു ഇതുവരെ നാം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനത്തിനാണ് ഇന്ത്യ മുന്നേറുന്നത്. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. വനിതാ ശാക്തീകരണത്തില്‍ നിന്നും വനിതാ നേതൃത്വ പുരോഗതിയിലേക്ക് രാജ്യം മാറി. ഈ വര്‍ഷം 100 വയസു തികയുന്ന അമ്മമാരെ രാജ്യം ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡില്‍ 15 ലക്ഷം സ്ത്രീകള്‍ 20 ദിവസം കൊണ്ട് 170000 ശുചിമുറികള്‍ നിര്‍മിച്ചത് അഭിനന്ദനാര്‍ഹമാണ്. ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ സംഘടിപ്പിച്ച മാലിന്യ നിര്‍മാര്‍ജന മഹോത്സവവും അഭിനന്ദാര്‍ഹമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ യുവ തലമുറ ശാസ്ത്ര സാങ്കേതിക വിദ്യയിലേക്ക് കടന്നു വരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സമൂഹത്തെ ഉയര്‍ത്താന്‍ സാധിക്കും. ഇതിനായി ശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണം. ശാസ്ത്ര സാങ്കേതിക വിദ്യയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിശീലനം നല്‍കണം. ഈ വര്‍ഷത്തെ പൊതു ബജറ്റില്‍ ഗ്രാമങ്ങളുടെ ശുചിത്വം മുന്നില്‍ കണ്ട് ബയോഗ്യാസ് നിര്‍മിക്കുന്നതിനായി ഗോവര്‍ധന്‍ യോചന എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പദ്ധതി ഗ്രാമീണ മേഘലയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഊര്‍ജ ഉല്‍പാദനത്തിന്റെ മറ്റൊരു മാര്‍ഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുമയുടെയും നിറങ്ങളുടെയും ആഘോഷമായ ഹോളി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പ്രധാനമന്ത്രി മന്‍ കി ബാത്ത് അവസാനിപ്പിച്ചത്.