വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആധിപത്യം. ചേതേശ്വര്‍ പുജാരയും (119) ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും (151 നോട്ടൗട്ട്) സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയിലാണ് ഇന്ത്യ. അശ്വിന്‍ (1) ആണ് കോഹ്ലിക്കൊപ്പം ക്രീസില്‍.
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ഫീല്‍ഡ് ചെയ്യാനയക്കുകയായിരുന്നു. ഗൗതം ഗംഭീറിനു പകരം ടീമില്‍ തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ (0) രണ്ടാം ഓവറില്‍ തന്നെ മടങ്ങിയത് ആതിഥേയരെ ഞെട്ടിച്ചു. സ്‌കോര്‍ 22-ല്‍ നില്‍ക്കെ ഓപണര്‍ മുരളി വിജയും മടങ്ങി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച പുജാരയും കോഹ്ലിയും ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് 226 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. 184 പന്തില്‍ 11 ബൗണ്ടറികളുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ പുജാരയാണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. 154 പന്തില്‍ 12 ബൗണ്ടറികളോടെ കോഹ്‌ലിയും മൂന്നക്കം കണ്ടു.
സ്‌കോര്‍ 248-ല്‍ നില്‍ക്കെ ജെയിംസ് ആന്റേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് പുജാര പുറത്തായത്. പിന്നീടെത്തിയ രഹാനെ (23) ക്യാപ്ടന് പിന്തുണ നല്‍കി. ഈ കൂട്ടുകെട്ട് 68 റണ്‍സ് ചേര്‍ത്തെങ്കിലും സ്റ്റംപെടുക്കുന്നതിനു തൊട്ടുമുന്നത്തെ ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് രഹാനെ പുറത്തായി.