അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം മുറുമുറുക്കുന്നതിനിടെ ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും. റീപോളിങിനു കാരണം കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം സാങ്കേതിക കാരണങ്ങളാലാണെന്നാണു വിലയിരുത്തല്‍. ദലിത് നേതാവ് ജിഗ്നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിങ്.
വിസ്‌നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍-ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങി പത്ത് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മോക്ക് പോളിങ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകള്‍ പ്രിസൈഡിങ്് ഓഫീസര്‍മാര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം.
നേരത്തെ ഗുജറാത്തില്‍ വോട്ടെണ്ണലിനൊപ്പം വിവിപ്പാറ്റ് എണ്ണണമെന്ന ആവിശ്യവുമായി കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തില്‍ കൈക്കടത്താനാവില്ലെന്ന് പറഞ്ഞ് ഹര്‍ജി കോടതി തള്ളുകയായിരുന്നു.
ഹിമാചല്‍പ്രദേശിലും നാളെയാണ് വോട്ടെണ്ണല്‍. ഇരുസംസഥാനങ്ങളിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിരിരുന്നു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാര്‍ദിക് പട്ടേലും അല്‍പേശ് ഠാക്കൂറും രംഗത്തെത്തി. ഡിസംബര്‍ ഒമ്പത്, പതിനാല് എന്നീ ദിവസങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ വോട്ടിങ്് നടന്നത്.