ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ലക്‌നൗവിലെ ഹജ്ജ് ഹൗസിന് കാവി നിറം നല്‍കിയ യോഗീ സര്‍ക്കാര്‍ നടപടി വിവാദമായതിന് പിന്നാലെ ഹജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ച് അധികൃതര്‍. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയില്‍ കെട്ടിവച്ചാണ് ഹജ് ഹൗസിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വെള്ള പെയിന്റ് പൂശിയത്. നടപടിയില്‍ ദേശീയ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. നിറം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാരെന്ന് കുറ്റപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടയാണ് ഈ പ്രവര്‍ത്തിയിലൂടെ തെളിയുന്നതെന്ന് വിമര്‍ശവുമായി വിവിധ മുസ്ലിം മത പണ്ഡിതരും രംഗത്തെത്തിയിരുന്നു.
പെയിന്റിങ്ങിന്റെ കരാറെടുത്ത വ്യക്തിയോട് വ്യത്യസ്തമായ കളര്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി യുപിയിലെ സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്‍.പി. സിങ് വ്യക്തമാക്കി. എന്നാല്‍, അയാള്‍ കാവി കളറാണ് തിരഞ്ഞെടുത്തതെന്നും സിങ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാന നിയമസഭാ മന്ദിരത്തിനു കാവിനിറമടിച്ചതിനു പിന്നാലെ, എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനും കാവി പൂശിയത് കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അധികൃതര്‍ ഹജ് ഹൗസിന് കാവി പെയിന്റടിച്ചത്. അന്ന് ഹജ് ഹൗസ് അവധിയായിരുന്നു.
ഉത്തര്‍പ്രദേശ് സെക്രട്ടറിയേറ്റ് മന്ദിരത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാനത്തെ ബസുകള്‍ക്കും നേരത്തെ യോഗീ സര്‍ക്കാര്‍ കാവി നിറം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നടപടി. ലക്‌നൌവിലെ ഹജ്ജ് കമ്മിറ്റി ആസ്ഥാനത്തിന്റെ മിതിലിനാണ് കാവി നിറം നല്‍കിയിരിക്കുന്നുത്. നേരത്തെ പച്ച, വെള്ള,നിറങ്ങളായിരുന്നു മതിലിനുണ്ടായിരുന്നത്. നിറം മാറ്റിയത് വിവദമാക്കേണ്ടതി ല്ലെന്നും മനോഹരവും ഒപ്പം ഊര്‍ജ്ജസ്വലത പകരുകയും ചെയ്യുന്ന നിറമാണ് കാവി എന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. യോഗീ സര്‍ക്കാര്‍ സംസ്ഥാനത്ത് കാവി വല്‍ക്കരണം നടത്തുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പടുത്തി.
ഒട്ടേറെ വികസന പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കെ ഭരണ പരാജയം മറച്ച് പിടിക്കാന്‍ സര്‍ക്കാര്‍ നിറം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. എല്ലാം കാവി നിറമാക്കാന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് സുനില്‍ സിംഗ് ചോദിച്ചു.