ലക്‌നോ: ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ പ്രസിദ്ധിനേടി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം മുമ്പുള്ള കേസിലാണ് ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ബഹളം വെച്ചെന്നാരോപിച്ച് ഖഫീല്‍ഖാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഒമ്പതു വര്‍ഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കി വീണ്ടും അറസ്റ്റ് ചെയ്തത്.
കേസില്‍ ഖഫീല്‍ ഖാനെയും സഹോദരന്‍ അദീല്‍ ഖാനെയും പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ കാലത്ത് വീട്ടിലെത്തി ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മുസാഫര്‍ ആലം എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്ഘട്ട് പൊലീസ് 2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒമ്പതു വര്‍ഷത്തിനു ശേഷം അറസ്റ്റ്. വ്യാജ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ഉപയോഗിച്ച് തന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി ഇതുവഴി 84 ലക്ഷം രൂപയുടെ കൈമാറ്റം നടത്തിയെന്നായിരുന്നു മുസാഫര്‍ ആലത്തിന്റെ പരാതിയെന്ന് പൊലീസ് അവകാശപ്പെടുന്നു. ഖഫീല്‍ ഖാന്‍ അന്ന് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനം നടത്തുകയായിരുന്നു.
സീനിയര്‍ പൊലീസ് സൂപ്രണ്ട് സലഭ് മാഥൂരിന്റെ നിര്‍ദേശത്തെതുടര്‍ന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിനയ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഖഫീല്‍ഖാനെ അറസ്റ്റു ചെയ്തത്.
ഓക്‌സിജന്‍ ലഭിക്കാതെ ഗോരഖ്പൂര്‍ ആസ്പത്രി ഐ.സി.യുവില്‍ കൂട്ട ശിശുമരണം നടന്നപ്പോള്‍, സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് ഖഫീല്‍ ഖാനെ ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. ആദിത്യനാഥ് സര്‍ക്കാറും ബി.ജെ.പിയും ലോകത്തിനു മുന്നില്‍ നാണം കെട്ടതോടെ ഖഫീല്‍ഖാനെതിരെ പകപോക്കല്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തി എന്നതുള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ആരോപിച്ച് ഖഫീല്‍ഖാനെ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് സുപ്രീംകോടതി ഇടപെട്ട് ജാമ്യം അനുവദിക്കുകയായിരുന്നു.