ചെന്നൈ: ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. മുഈന്‍ അലിയുടെ (146) സെഞ്ച്വറി മികവില്‍ 477 റണ്‍സ് സ്വന്തമാക്കിയാണ് സന്ദര്‍ശകര്‍ പുറത്തായത്. മറുപടി ബാറ്റിങ് തുടങ്ങി ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 60 എന്ന നിലയിലാണ്. ലോകേഷ് രാഹുലും (30) പാര്‍ത്ഥിവ് പട്ടേലുമാണ് (28) ക്രീസില്‍.
ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 284 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് രണ്ടാം ദിനത്തില്‍ അരങ്ങേറ്റ താരം ലിയാന്‍ ഡോസണ്‍ (66 നോട്ടൗട്ട്) ആദില്‍ റാഷിദ് (60) എന്നിവരുടെ അര്‍ധസെഞ്ച്വറികള്‍ കരുത്തു പകര്‍ന്നു. മുഈന്‍ അലിക്കൊപ്പം ക്രീസിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്‌സും (6) പിന്നാലെ ബട്‌ലറും (5) ആദ്യ സെഷനില്‍ തന്നെ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് തകര്‍ച്ച മുന്നില്‍ കണ്ടു. തലേന്നത്തെ സ്‌കോറിനോട് 26 റണ്‍സ് കൂടി ചേര്‍ത്ത് മുഈന്‍ മടങ്ങുമ്പോള്‍ സന്ദര്‍ശകര്‍ ഏഴിന് 321 എന്ന നിലയിലായിരുന്നു. 262 പന്ത് നേരിട്ട് 13 ഫോറും ഒരു സിക്‌സറുമടിച്ച ശേഷമാണ് മുഈന്‍ യാദവിന്റെ പന്തില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങിയത്.
400-നു ചുവടെ ഒതുങ്ങുമെന്ന് തോന്നിച്ച ഇംഗ്ലീഷ് സ്‌കോര്‍ മുന്നോട്ടു നയിച്ചത് വാലറ്റത്തെ കൂട്ടുപിടിച്ച് ഡോസണ്‍ നടത്തിയ ചെറുത്തുനില്‍പ്പാണ്. ഡോസണും റാഷിദും ചേര്‍ന്ന എട്ടാം വിക്കറ്റ് 108 റണ്‍സ് ആണ് ചേര്‍ത്തത്.
രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടുവീതവും വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍, അമിത് മിശ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. മൂന്നു വിജയവും ഒരു സമനിലയുമായി ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.