X

ഹൃദയാഘാതം; ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആസ്പത്രിയില്‍ ദാവൂദ് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വാര്‍ത്ത ദാവൂദിന്റെ അനുയായിയായ ഛോട്ടാ ഷക്കീല്‍ തള്ളി.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ തന്നെ കഴിയുന്ന ഛോട്ടാ ഷക്കീല്‍, ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതവുമാണെന്ന് ഫോണിലൂടെ പ്രതികരിച്ചു.

കാലിലുണ്ടായ പഴുപ്പിനെ തുടര്‍ന്ന് 61 കാരനായ ദാവൂദ് പാകിസ്ഥാനില്‍ ചികിത്സയിലാണെന്ന് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളുണ്ടായിരുന്നു. ലിയാഖത് നാഷനല്‍ ഹോസ്പിറ്റലിലും കമ്പൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് ചികില്‍സ നടന്നത്. രോഗം കാരണം നടക്കാന്‍ വരെ ദാവൂദ് ബുദ്ധിമുട്ടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ദാവൂദിന് എന്ത് സംഭവിച്ചാലും അക്കാര്യം വെളിപ്പെടുത്താന്‍ പാകിസ്താന്‍ തയ്യാറാകില്ലെന്നാണ് ഇന്ത്യ കരുതുന്നത്.

മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാകിസ്താനെ സമീപിച്ചിരുന്നു. അപ്പോഴെല്ലാം ദാവൂദ് രാജ്യത്തില്ലെന്നാണ് പാക്സ്ഥാന്‍ വ്യക്തമാക്കിയത്.

മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്നതായി വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഇന്ത്യ നേരത്തെ കൈമാറിയിരുന്നെങ്കിലും അതെല്ലാം പാകിസ്താന്‍ നിഷേധിക്കുകയായിരുന്നു.

നേരത്തെ ഒളികാമറ ഓപ്പറേഷനിലൂടെ ദേശിയ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ പാകിസ്താനിലുള്ള ദാവൂദിന്റെ വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റണില്‍ കഴിയുന്ന ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14 എന്നാണെന്ന് ചാനല്‍ പുറത്തുവിട്ട വിവരം.

chandrika: