ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഛോട്ടാ രാജനെ പ്രവേശിപ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി.
തീഹാര്‍ ജയിലില്‍ തന്നെയുള്ള ദാവൂദിന്റെ സഹായിയും കുപ്രസിദ്ധകുറ്റവാളിയുമായ നീരജ് ബവാനുടെ നേതൃത്വത്തിലാണ് ഛോട്ടാരാജനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് വിവരം. മദ്യപാന സദസ്സിനിടയില്‍ അബദ്ധത്തില്‍ ബവാനയുടെ അനുയായിയില്‍ നിന്നാണ് വിവരം പുറത്തായത്. കൂടാതെ തന്നെ കാണാനെത്തിയ വ്യക്തിയോടും ബവാനയും ആക്രമണം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞതായും വിവരമുണ്ട്. ഇതേത്തുടര്‍ന്ന് ഛോട്ടാരാജന്റെ സുരക്ഷശക്തമാക്കി.
രാജനെ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു തിഹാറില്‍ ഒരുക്കിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബവാനയെ തനിച്ചൊരു സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. നീരജ് ബവാനയെ സെല്ലില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഇയാളുടെ സെല്ലില്‍ നിന്ന് മൊബൈല്‍ഫോണ്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ബവാനക്ക് രാജനെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലെ അവസാന സെല്ലില്ലാണു ഛോട്ടാ രാജനെ താമസിപ്പിച്ചിരിക്കുന്നത്. ബവാന ഒറ്റപ്പെട്ട പ്രദേശത്തുമാണ്. രാജനു പ്രത്യേകം സുരക്ഷാ ഭടന്മാരും പാചകക്കാരനുമുണ്ട്. കൂടാതെ, ഇവരെയെല്ലാം ദിവസേന പരിശോധിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.