അഡ്‌ലയ്ഡ്: കരിയറിലെ അതിവേഗ സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണര്‍ കളം നിറഞ്ഞപ്പോള്‍ ഓസ്‌ട്രേലിയക്ക് 369 എന്ന മികച്ച സ്‌കോര്‍. പാകിസ്താനെതിരായ പരമ്പരയിലെ അഞ്ചാം ഏകദിനത്തിലാണ് വാര്‍ണര്‍ കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയത്. 128 പന്തില്‍ 179 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. 78 പന്തില്‍ നിന്നാണ് വാര്‍ണര്‍ സെഞ്ച്വറി കുറിച്ചത്. 19 ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറിന്റെ ഇന്നിങ്‌സ്. ഡബിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന നിമിഷത്തില്‍ ജുനൈദ് ഖാന്റെ പന്തില്‍ ബാബര്‍ അസം പിടികൂടുകയായിരുന്നു.
മത്സരത്തില്‍ ട്രാവിസ് ഹെഡും സ്വെഞ്ച്വറി സ്വന്തമാക്കി. 137 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്‌സറും ഉള്‍പ്പെടെ 128 റണ്‍സാണ് ഹെഡ് നേടിയത്. ട്രാവിസ് ഹെഡുമൊത്ത് ഓസ്‌ട്രേലിയക്കായി റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടും വാര്‍ണര്‍ നേടി. മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെയുള്ള റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ട് മൂന്ന് റണ്‍സ് അകലെ വെച്ചാണ് ഈ സഖ്യം പിരിഞ്ഞത്. 284 റണ്‍സാണ് വാര്‍ണര്‍-ഹെഡ് സഖ്യം കുറിച്ചത്.
ഓസ്‌ട്രേലിയക്കായി 2013ല്‍ ആരോണ്‍ ഫിഞ്ചും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് നേടിയ 246 റണ്‍സെന്ന റെക്കോര്‍ഡാണ് ഇവര്‍ക്ക് മുന്നില്‍ വഴിമാറിയത്. അതേസമയം ലോക ക്രിക്കറ്റില്‍ 286 റണ്‍സാണ് ഓപ്പണിങ് റെക്കോര്‍ഡ്. ശ്രീലങ്കയുടെ ജയസൂര്യയുടെയും ഉപുല്‍ തരംഗയുടെയും പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. ഇത് തകര്‍ക്കാന്‍ വാര്‍ണര്‍-ഹെഡ് സഖ്യത്തിനായില്ല.