കോഴിക്കോട് : ആധാർ വിവരങ്ങളുടെ സുരക്ഷയിൽ ചോദ്യങ്ങളുയരുന്നതിനു പിന്നാലെ, ആധാർ തിരിച്ചറിയൽ രേഖ മാത്രമാണെന്നും ജനന തീയതി തെളിയിക്കുന്ന രേഖയായി പരിഗണിക്കില്ലെന്നുമുള്ള നിർദേശവുമായി യുനീക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ).
പുതുതായി പ്രിൻറ് ചെയ്ത് നൽകുന്ന കാർഡുകളിലെല്ലാം ‘‘ ആധാർ തിരിച്ചറിയൽ രേഖയാണ്, പൗരത്വത്തിന്‍റെയോ ജനന തീയതിയുടെയോ രേഖയല്ല’’ എന്ന കാര്യം പ്രത്യേകം ഉൾപ്പെടുത്തുകയാണ്. രണ്ടാഴ്ച മുമ്പാണ് കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് വിവരം. പഴയ ആധാര്‍ ഉടമകള്‍ കാര്‍ഡ് നഷ്ടപ്പെട്ടതുകൊണ്ടോ പേരോ വിലാസമോ ജനന തീയതിയോ പുതുക്കേണ്ടതിനാലോ പുതിയ കാര്‍ഡിന് അപേക്ഷിച്ചാലും ഈ വിവരമടങ്ങിയ കാർഡാണ് ലഭിക്കുന്നത്. യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം വിവിധ സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. പെൻഷനടക്കം സകല സർക്കാർ ഇടപാടുകൾക്കും സംസ്ഥാനത്ത് ആധാർ ലിങ്കിങ് നിർബന്ധിത ഉപാധിയായി മാറുമ്പോഴാണ് യു.ഐ.ഡി.എ.ഐയുടെ പിന്മാറ്റം.
അതേ സമയം സുപ്രധാന തീരുമാനമാണെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിന്മാറ്റമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നയപരമായ തീരുമാനമാണിതെന്ന് മാത്രമാണ് യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ റീജനൽ ഓഫിസ് അധികൃതർ വിശദീകരിക്കുന്നത്. ബയോമെട്രിക് വിവരങ്ങൾക്കൊപ്പം കാർഡ് രജിസ്റ്റർ ചെയ്യാൻ വരുന്നയാൾ നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ആധാർ തയാറാക്കുന്നത്. സാമൂഹിക സുരക്ഷ പെൻഷനടക്കം ആധാർ നിർബന്ധമാണിപ്പോൾ.